Thursday, February 26, 2009

മാനേജ്മെന്റിനൊരു ഹൃദയഗീതം അഥവാ ബധിരകര്‍ണ്ണങ്ങള്‍ക്ക് കേള്‍ക്കാന്‍ …

വയ്യ... മടുത്തു... നാളേറെയായ്... ശമ്പള പരിഷ്കരണം ശമ്പള പരിഷ്കരണം എന്നും പറഞ്ഞ് കണ്ടവന്മാരുടെ പുറകേ നടക്കാന്‍ തുടങ്ങിയിട്ട്... ശമ്പള പരിഷ്കരണം നടപ്പിലാക്കൂ എന്ന അപേക്ഷ ചെന്നു വീണതു മുഴുവന്‍ ബധിരകര്‍ണങ്ങളിലാണെന്നു തിരിച്ചറിഞ്ഞ ഞങ്ങള്‍ , ഏറ്റവും ഹതഭാഗ്യരായ മലയാളികള്‍ , ഐ കെ എം - കാര്‍ , അതു മറക്കാന്‍ തുടങ്ങുകയാണു… അജ്ഞാതമായ ഏതോ കാരണത്താല്‍ നിങ്ങള്‍ നടപ്പിലാക്കന്‍ മടിച്ച ആ ശമ്പളപരിഷ്കരണം നിങ്ങള്‍ക്കൊക്കെ സൌകര്യം കിട്ടുമ്പൊ അങ്ങു നടപ്പിലാക്കിയിട്ട് ഞങ്ങളെ അറിയിച്ചാല്‍ മതി... തല്‍ക്ക്‍ാലം ഞങ്ങളുടെ ഈ ചെറിയ ചില ആവശ്യങ്ങളെങ്കിലും പരിഗണിക്കൂ... എന്നോ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയ കാണാനും കേള്‍ക്കാനും തിരിച്ചറിയാനുമുള്ള കഴിവ് തിരിച്ചു കിട്ടിയെങ്കില്‍ ...

1. ബി.പി.എല്‍ കാരെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളുടെ പട്ടികയില്‍ ‘ഐ.കെ.എം ജീവനക്കാര്‍ ‘ എന്നതുകൂടി ഉള്‍പ്പെടുത്തുന്നതിനും അതുവഴി അവരെ മുഴുവന്‍ ബി.പി.എല്‍ കാരായി പ്രഖ്യാപിച്ച് അവര്‍ക്കും അവരുടെ കുടുംബത്തിനും, മനുഷ്യസ്നേഹിയായ ധനകാര്യമന്ത്രിയുടെ സ്വപ്നപദ്ധതിയായ 2 രൂപയുടെ അരിവാങ്ങിക്കഴിച്ച് ജീവന്‍ നിലനിര്‍ത്താനുമുള്ള അവസരം ഉണ്ടാക്കുക.
2. ഇലക്ട്രിസിറ്റി ചാര്‍ജ് അടയ്ക്കാത്തതുകൊണ്ട് കറണ്ട് കട്ട് ചെയ്ത ഐ.കെ.എം കാരുടെ വീട്ടില്‍ ഉപയോഗശൂന്യമായി കിടക്കുന്ന വൈദ്യുതോപകരണങ്ങള്‍ വാങ്ങിതീര്‍ത്ത ശേഷം മാത്രമേ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് കാരും എല്‍ എസ് ജി ഡി കാരും പുറത്തുനിന്നും വൈദ്യുതോപകരണങ്ങള്‍ വാങ്ങാവൂ എന്നു നിയമം കൊണ്ടുവരുക.
3. ഐ കെ എം കാരെ അവശ ഐ ടി പ്രൊഫഷണലുകള്‍ എന്നു പ്രഖ്യാപിക്കുവാനും, അതുവഴി കെ എസ് ആര്‍ ടി സി ബസുകളില്‍ സ്റ്റുഡന്റ്സ് കണ്‍സിഷന്‍ പോലെ അവശ ഐ ടി പ്രൊഫഷണല്‍ കണ്‍സിഷന്‍ അനുവദിച്ച് അതിന്റെ ആനുകൂല്യം ഐ കെ എം കാര്‍ക്ക് ലഭ്യമാക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുക.
4. ഐ കെ എം - ലെ ശമ്പളവും വാങ്ങിക്കൊണ്ടുപോയി വീട്ടിലും നാട്ടിലും നാണം കെടുകയും, “വാര്‍ക്കപ്പണിക്കു പൊയ്കൂടേടാ“ എന്ന് ഉപദേശിക്കപ്പെടുകയും ചെയ്ത ഐ കെ എം കാരുടെ തകര്‍ന്ന മനോനില വീണ്ടെടുക്കാന്‍ ‍, തിരുവനന്തപുരം മുതല്‍ കാസര്‍ഗോടു വരെ യാത്ര ചെയ്ത് നടപ്പിലാക്കുന്ന കൌണ്‍സിലിങ് മാര്‍ച്ച് പരിപാടിക്ക് രൂപം നല്‍കുക.
5. അടുത്ത മാസം ശമ്പള പരിഷ്കരണം നടത്തും എന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് പതിവായി വാങ്ങിയിരുന്ന 8 രൂപയുടെ അരി വാങ്ങാതെ 16 രൂപയുടെ അരി വാങ്ങുകയെന്ന കടുത്ത അഹങ്കാരം കാണിച്ച ഐ കെ എം കാര്‍ക്ക് പൊതുമാപ്പ് നല്‍കിക്കൊണ്ട്, അവരുടെ പലചരക്കു കടയിലെ പറ്റുബുക്ക് ക് ളിയര്‍ ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഫണ്ട് അനുവദിക്കുക.
6. ഐ കെ എം കാന്റീനില്‍ ഓരോ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റിന്റെയും പേരില്‍ പറ്റുബുക്ക് തുടങ്ങുന്നതിനും, ഓരോ ജീവനക്കാരനും കഴിക്കുന്ന ആഹാരത്തിന്റെ കാശ് അതാത് ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കിലെഴുതുന്നതിനും തീരുമാനിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറപ്പെടുവിക്കുക. (എച്ച് ഒ ഡി - മാര്‍ വിഷമിക്കേണ്ട, അവര്‍ക്കു വേണമെങ്കില്‍ ഐ കെ എം ഡയറക്ടറുടെ പേരില്‍ പറ്റുബുക്ക് തുടങ്ങാവുന്നതാണ്‍).
7. പുതിയൊരു റീ-സ്ട്രക്ചറിങ് കമ്മിറ്റി രൂപീകരിച്ച്, ഐ കെ എം കാരെ കുരങ്ങ്, മരപ്പട്ടി, ഓന്ത്, കലമാന്‍ തുടങ്ങിയ മ്രിഗങ്ങളായി വര്‍ഗീകരിക്കുകയും, അതുവഴി ലോകപ്രശസ്തരായ മ്രിഗസ്നേഹികളുടെ ശ്രദ്ധയും, അനുകമ്പയും, സഹാനുഭൂതിയും ഞങ്ങളുടെ മേല്‍ കൂടി ഉണ്ടാകാനുമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക.

Friday, February 6, 2009