Wednesday, December 22, 2010

കരുണാകരന്‍ അന്തരിച്ചു - മംഗളത്തിന്റെ വാര്‍ത്താവ്യഗ്രത


ഇനിയും മരിച്ചിട്ടില്ലാത്ത കരുണാകരന്‍, ഉടന്‍ മരിച്ചേക്കുമെന്നു കരുതി, മരിച്ചയുടെന്‍ പബ്ലിഷ് ചെയ്യാനായ് മംഗളം കരുതിവച്ച വാര്‍ത്ത... ഗൂഗിള്‍ സെര്‍ച്ചിലൂടെ വെളിപ്പെട്ടത്...

Friday, December 10, 2010

അറിയാത്ത സ്നേഹിതയ്ക്ക്

പരസ്പരമെത്രയോവട്ടം
കടന്നുപോയിരിക്കുന്നു നാമെങ്കിലും
മിഴികള്‍ക്കപ്പുറമൊരു പുഞ്ചിരിപോലും
കൈമാറിയിട്ടില്ലിതുവരെ
കാടുകയറിപ്പോയൊരായിരം
ചിന്തകളിലൊന്നിന്റെയും
വാതില്‍തുറന്നുള്ളിലേ-
ക്കെത്തിയിട്ടുമില്ല നീ
നിഴല്‍ വീണൊരീയിടനാഴിയിലിതുവരേക്കും
നിന്നെയും കാത്ത് ഞാന്‍ നിന്നിട്ടുമില്ല

എങ്കിലുമിന്ന് പെണ്‍കൊടീ
നിന്റെ വരികളുമവയില്‍
തുളുമ്പുന്ന വിങ്ങലുമേറ്റവും
ശാന്തമായൊഴുകുമെന്‍ നാള്‍കളി-
ലൊരു നൊമ്പരത്തെന്നലായ്
വീണോളങ്ങള്‍ തീര്‍ക്കുന്നനുസ്യൂതം

പറയാതെപോകവയ്യയിത്രയും,
ആരുഞാന്‍ പറയുവാനെന്ന ചോദ്യം
കേള്‍ക്കുന്നു പലദിക്കില്‍ നിന്നെങ്കിലും
അവയ്ക്കു മറുപടിയിതേയുള്ളു
അറിയുക, ചിതറുന്നയീ വാക്കുകളത്രയു-
മെന്‍ ഹൃദയത്തില്‍ നിന്നാണു സത്യം

“സ്മരണകള്‍ പലതരം തോഴീ,
അവയില്‍ ചിലതു മാത്രമോര്‍ക്കുക
വേറെ ചിലതു മറന്നുകളയുക
പിന്നെയും ചിലത്
മറക്കാനായ് പോലുമോര്‍ക്കാതിരിക്കുക

ഒരുമഴയിലൊരു മഴക്കാലവു-
മൊലിച്ചുപോയിട്ടില്ലിവിടതുപോല്‍
എത്രയൊ രാപ്പകലുകള്‍ ബാക്കികിടപ്പൂ
നിനക്കേറ്റവുമാര്‍ദ്രമാം സ്വപ്നം കണ്ടുറങ്ങുവാന്‍
പിന്നെയേറ്റവും ഹൃദ്യമാം പുഞ്ചിരിയുമായുണരുവാന്‍

എഴുതുകയിനിയും,
വാക്കിന്റെയിന്ദ്രജാലങ്ങള്‍ കൊണ്ടായിരം
പൌര്‍ണ്ണമികള്‍ തീര്‍ത്തങ്ങനെ തിരുത്തുക
കവിത തെളിവാര്‍ന്ന മനസ്സിന്റെ ഭാഷയെന്ന്

അവസാനിക്കാത്ത വഴികളാണവയിലൂ-
ടൊട്ടും തളരാതെ തുടരുക യാത്രകള്‍
ൠതുക്കളെന്നും നിനക്കു കൂട്ടായ് വരട്ടെ
സൂര്യചന്ദ്രന്മാര്‍ വഴികാട്ടട്ടെ
എന്റെ ആശംസകള്‍”

Sunday, December 5, 2010

എന്റെ ‘സാലറി ഡേ’

അംഗീകാരങ്ങളായ് മരം പെയ്തിട്ടില്ലയേറെ,
മഴതന്നെയധികം പെയ്തിട്ടില്ല.
ഇതുവരേക്കും ലഭിച്ചതിലേറ്റവും പ്രിയങ്കരമായതേതെന്ന ചോദ്യത്തിനുത്തരം പറയാന്‍ ഓര്‍മയിലൊട്ടുനേരം പരതുകയും വേണ്ട.
2009 ജൂലൈ 2 ന്, ടെക്നിക്കല്‍ സപ്പോര്‍ട്ടിന്റെ ഗ്ലാസ് ഡോര്‍ തുറന്നുവന്ന് നവപ്രകാശ് സര്‍ നീട്ടിത്തന്ന വലതുകൈയെക്കാള്‍ വലുതല്ലയൊന്നും.
അഭിനന്ദനത്തിന്റെ ശബ്ദമുഖരിതമായ പേമാരിയായ് എന്നെ നനയ്ക്കവേ ഇടംകൈയിലുയര്‍ത്തിപ്പിടിച്ച ‘സാലറി ഡേ’ എന്ന എന്റ കഥയുടെ പ്രിന്റൌട്ട്...
തലേദിവസം ഞാന്‍ ഗ്രൂപ്പ് മെയിലിലേയ്ക്കയച്ച എന്റെ മനസ്സ്...
പ്രളയജലത്തിലെ പൊങ്ങുതടി പോലെ എനിക്ക് മന:സമാധാനം പകര്‍ന്ന, ഇനിയുമെനിക്കു മറക്കാന്‍ കഴിയാത്ത, എനിക്കൊട്ടും അപ്രസക്തമായ് മാറാത്ത എന്റെ സ്വകാര്യ അഹങ്കാരം...
സംഭവിക്കപ്പെടാതെ, ഞങ്ങളുടെ ക്ഷമയുടെ നെല്ലിപ്പലകയിലൂടെ നീണ്ടു നീണ്ടുപോയ ഒരു ശമ്പളപരിഷ്കരണ കാലത്തെ സാലറി ഡേ...
ആദ്യം ജനിച്ച മകളെയെന്നപോലെ ഞാനിഷ്ടപ്പെടുന്ന എന്റെ ‘സാലറി ഡേ’...

സാലറി ഡേ

6 മണിയുടെ അലാറം ഓഫ് ചെയ്ത് വീണ്ടും ഉറങ്ങാന്‍ തുടങ്ങിയ ശശിക്കുട്ടന്റെ ശ്രമങ്ങളെ പടിഞ്ഞാറ്റിനി വഴി ചിതറിവീണ ഉദയസൂര്യ രശ്മികള്‍ പരാജയപ്പെടുത്തി.
ശശിക്കുട്ടന്‍ ഉറക്കച്ചടവോടെ ഉമ്മറത്തെത്തിയപ്പൊഴാണ് സ്ഥിരമായി പത്രമിടാന്‍ വരാറുള്ള ഉണ്ണിക്കു പകരം കണ്ണന്‍ പത്രവുമായി വരുന്നത് കണ്ടത്. “ഉണ്ണി മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്തത് കാണാന്‍ പോയി”, ഉത്തരം പറയാന്‍ കണ്ണനു ചോദ്യത്തിന്റെ ആവശ്യമൊന്നുമില്ല. കഴിഞ്ഞ വര്‍ഷം ഉണ്ണിയോടൊത്ത് മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്തത് കാണാനായ് നടത്തിയ സാഹസികയാത്രയെ പറ്റിയോര്‍ത്തും, ഇത്തവണ അവന്‍ കൂടെ ചെല്ലാന്‍ വിളിക്കാത്തത് നന്നായെന്ന് ചിന്തിച്ചും നില്‍ക്കവെയാണ് ശശിക്കുട്ടന്‍ മുറ്റത്ത് നില്‍കുന്ന നിശാഗന്ധി മെല്ലെ വിടര്‍ന്ന് വരുന്നത് കണ്ടത്, ഇത് പറയാനായി അമ്മയെ തിരക്കി ശശിക്കുട്ടന്‍ അടുക്കളയിലെത്തി, അമ്മയെ അവിടെയൊന്നും കാണാനില്ല. അമ്മ തൊഴുത്തില്‍ കാണും ശശിക്കുട്ടന്‍ കരുതി. പക്ഷെ തൊഴുത്തില്‍ നങ്ങേലി പശുവല്ലാതെ അമ്മ അവിടെയുമില്ല.
അപ്പൊഴാണ് ശശിക്കുട്ടന്‍ കണ്ടത്, അമ്മ കോഴിക്കൂടിനടുത്തിരുന്ന് ഇന്നലെ രാത്രി മുലവന്ന കോഴിയുടെ, പാലു കറക്കുന്നു. “നങ്ങേലി പശുവിന്റെ പാലിനെന്തോ കറുത്ത നിറം, എന്നാല്‍ പിന്നെ ഇന്നത്തേയ്ക്ക് ഈ കോഴിയുടെ പാലു കറക്കാം എന്നു കരുതി” അമ്മ പറഞ്ഞു. “ശരി” ശശിക്കുട്ടന്‍ ഓഫീസിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളിലേക്ക് നീങ്ങി.

സ്ഥലം ശശിക്കുട്ടന്റെ ഓഫീസ്, സമയം 9 മണി.
എല്ലാവരും കൃത്യസമയത്ത് തന്നെ ഓഫീസില്‍ എത്തിയിട്ടുണ്ട്, എല്ലാവരുടെ കണ്ണുകളിലും പ്രതീക്ഷയുടെ നാളങ്ങള്‍ തെളിഞ്ഞു കണ്ടു, കരിന്തിരിയെരിയും പോലെ. ജീവനക്കാര്‍ ഓഫീസിന്റെ ഇടനാഴികളിലും കോണിപ്പടികളിലും കൂട്ടം കൂടിനിന്ന് ചര്‍ച്ചകള്‍ നടത്തി. “നടക്കും”, “പിന്നല്ലാതെ”, “ഇത്തവണ ഒറപ്പായും നടക്കും”, “എല്ലാ ഫോര്‍മാലിറ്റീസും കഴിഞ്ഞിട്ടുണ്ട്” എന്നിങ്ങനെ എല്ലാവരും പരസ്പരം പറഞ്ഞ് ആത്മവിശ്വാസത്തിന്റെ തട്ട് താഴാതെ കാത്തു.
കാത്തിരിപ്പിന്റെ അതിസമ്മര്‍ദ്ദം താങ്ങാ‍നാവാതെ റൂഫ് ടോപ്പിലേയ്ക്ക് പോയവര്‍, പുറത്തുനിന്ന് നോക്കുന്നവരില്‍ പ്രതീക്ഷാനിര്‍ഭരമായ കെട്ടിടം അന്തരീക്ഷമലിനീകരണം നടത്തുന്ന ഒരു ഫാക്ടറിയാണെന്ന പ്രതീതി ജനിപ്പിച്ചു.
സമയം ഒരു മണി. ശശിക്കുട്ടന്‍ അടുത്തുള്ള എ ടി എം കൌണ്ടറിലെത്തി ബാലന്‍സ് സ്റ്റേറ്റ്മെന്റ് എടുത്തു. ബാലന്‍സ് 4 രൂപ. സാലറി ഇട്ടിട്ടില്ല, ശശിക്കുട്ടന്‍ എ ടി എം -നു പുറത്തുള്ള പടിക്കെട്ടില്‍ കാത്തിരുന്നു 1.10 നും 1.20 നും 1.30നുമെല്ലാം ശശിക്കുട്ടന്‍ ബാലന്‍സ് ചെക്ക് ചെയ്തു, പക്ഷെ സാലറി ക്രെഡിറ്റ് ആയിട്ടില്ല. 1.45-നു ശശിക്കുട്ടന്‍ വീണ്ടും ബാലന്‍സ് സ്റ്റേറ്റ്മെന്റ് എടുത്തു. ബാലന്‍സ് 4 രൂപയല്ല... ശശിക്കുട്ടന്റെ കണ്ണുകള്‍ ആവേശത്തോടെ ആ കടലാസിലെ കണക്കുകളിലേക്കൂളിയിട്ടു. ഒന്നുരണ്ടു നിമിഷങ്ങള്‍ കടന്നുപോയി, വീഴാതിരിക്കാന്‍ ശശിക്കുട്ടന്‍ ഗ്ലാസ്സ് ഡോറില്‍ പിടിച്ചു. ആരൊക്കെയോ ശശിക്കുട്ടനെ താങ്ങി പുറത്തെത്തിച്ചു.
പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. മഴച്ചാറ്റലിലിറങ്ങി ശശിക്കുട്ടന്‍ നടന്നു. ശശിക്കുട്ടന്‍ മനസ്സിലാക്കുന്നുണ്ടായിരുന്നു, എന്തൊക്കെ സംഭവിച്ചാലും എത്രയൊക്കെ സംഭവിച്ചാലും, സംഭവിക്കാത്തതായ് ചിലതൊക്കെയുണ്ടെന്ന്, സംഭവിക്കാന്‍ പാടില്ലെന്ന് ദൈവം തീരുമാനിച്ചുറപ്പിച്ച ചിലതൊക്കെ.