Friday, December 10, 2010

അറിയാത്ത സ്നേഹിതയ്ക്ക്

പരസ്പരമെത്രയോവട്ടം
കടന്നുപോയിരിക്കുന്നു നാമെങ്കിലും
മിഴികള്‍ക്കപ്പുറമൊരു പുഞ്ചിരിപോലും
കൈമാറിയിട്ടില്ലിതുവരെ
കാടുകയറിപ്പോയൊരായിരം
ചിന്തകളിലൊന്നിന്റെയും
വാതില്‍തുറന്നുള്ളിലേ-
ക്കെത്തിയിട്ടുമില്ല നീ
നിഴല്‍ വീണൊരീയിടനാഴിയിലിതുവരേക്കും
നിന്നെയും കാത്ത് ഞാന്‍ നിന്നിട്ടുമില്ല

എങ്കിലുമിന്ന് പെണ്‍കൊടീ
നിന്റെ വരികളുമവയില്‍
തുളുമ്പുന്ന വിങ്ങലുമേറ്റവും
ശാന്തമായൊഴുകുമെന്‍ നാള്‍കളി-
ലൊരു നൊമ്പരത്തെന്നലായ്
വീണോളങ്ങള്‍ തീര്‍ക്കുന്നനുസ്യൂതം

പറയാതെപോകവയ്യയിത്രയും,
ആരുഞാന്‍ പറയുവാനെന്ന ചോദ്യം
കേള്‍ക്കുന്നു പലദിക്കില്‍ നിന്നെങ്കിലും
അവയ്ക്കു മറുപടിയിതേയുള്ളു
അറിയുക, ചിതറുന്നയീ വാക്കുകളത്രയു-
മെന്‍ ഹൃദയത്തില്‍ നിന്നാണു സത്യം

“സ്മരണകള്‍ പലതരം തോഴീ,
അവയില്‍ ചിലതു മാത്രമോര്‍ക്കുക
വേറെ ചിലതു മറന്നുകളയുക
പിന്നെയും ചിലത്
മറക്കാനായ് പോലുമോര്‍ക്കാതിരിക്കുക

ഒരുമഴയിലൊരു മഴക്കാലവു-
മൊലിച്ചുപോയിട്ടില്ലിവിടതുപോല്‍
എത്രയൊ രാപ്പകലുകള്‍ ബാക്കികിടപ്പൂ
നിനക്കേറ്റവുമാര്‍ദ്രമാം സ്വപ്നം കണ്ടുറങ്ങുവാന്‍
പിന്നെയേറ്റവും ഹൃദ്യമാം പുഞ്ചിരിയുമായുണരുവാന്‍

എഴുതുകയിനിയും,
വാക്കിന്റെയിന്ദ്രജാലങ്ങള്‍ കൊണ്ടായിരം
പൌര്‍ണ്ണമികള്‍ തീര്‍ത്തങ്ങനെ തിരുത്തുക
കവിത തെളിവാര്‍ന്ന മനസ്സിന്റെ ഭാഷയെന്ന്

അവസാനിക്കാത്ത വഴികളാണവയിലൂ-
ടൊട്ടും തളരാതെ തുടരുക യാത്രകള്‍
ൠതുക്കളെന്നും നിനക്കു കൂട്ടായ് വരട്ടെ
സൂര്യചന്ദ്രന്മാര്‍ വഴികാട്ടട്ടെ
എന്റെ ആശംസകള്‍”

2 comments:

  1. കവിത തെളിവാര്‍ന്ന മനസ്സിന്റെ ഭാഷയെന്ന് നീ പറഞ്ഞത് ശരിയാണ്

    ഈ കവിതയില്‍ ഉടനീളം തെളിഞ്ഞു നില്‍കുന്ന വേദനയുടെ ഭാഷ ഒരു കാര്യം നമുക്ക് കാട്ടിത്തരുന്നു .. " ഒരു പെണ്ണും കൂടി ശ്യാമിനെ പറ്റിച്ചു."
    എങ്കിലും അടുത്ത വരി ശ്രദ്ധിക്കുക ..
    "അവസാനിക്കാത്ത വഴികളാണവയിലൂ-
    ടൊട്ടും തളരാതെ തുടരുക യാത്രകള്‍" അതായത് ഇനിയും ഈ പണി നിര്‍ത്താന്‍ കവി തയ്യാറല്ല .. കണ്ടാലും പഠിക്കില്ല കൊണ്ടാലും പഠിക്കില്ല .

    എങ്കിലുമിന്ന് പെണ്‍കൊടീ
    നിന്റെ വരികളുമവയില്‍
    തുളുമ്പുന്ന വിങ്ങലുമേറ്റവും
    ശാന്തമായൊഴുകുമെന്‍ നാള്‍കളി-
    ലൊരു നൊമ്പരത്തെന്നലായ്
    വീണോളങ്ങള്‍ തീര്‍ക്കുന്നനുസ്യൂതം - " ശരിയാ ആദ്യമായി ഒരു പെണ്ണിനോട് ഐ ലവ് യു എന്ന് പറഞ്ഞപ്പോള്‍ അവള്‍ പോടാ പട്ടീ എന്ന് വിളിച്ചാല്‍ ഇങ്ങനെ കുറെ ഓളങ്ങള്‍ ഒക്കെ ഉണ്ടാകും ... ശരിക്കും അനുഭവങ്ങളാണളിയാ നിന്നെ ഒരു കവിയായി മാറ്റിയത് ."

    ഏതായാലും സിനിമാ സംവിധായകന്‍ എം മോഹനനോടു രണ്ടു വാക്ക് .. താങ്കള്‍ എടുത്ത കഥ പറയുമ്പോള്‍ സിനിമയിലെ കവി ദാസ്‌ വടക്കേ മുറി ഇവിടെ ജീവിക്കുന്നു...
    "വ്യത്യസ്താനാമൊരു പ്രോഗ്രാമര്‍ ശ്യാമിനെ ഐകെഎമ്മിലാരും തിരിച്ചറിഞ്ഞില്ലാ ..
    ലൈനടിക്കുന്നോര്‍ക്ക് കോച്ചിങ്ങ് ഫ്രീയാ
    സ്വന്തമായ് നോക്ക്യാലോ തല്ലൊന്നു ഫ്രീയാ

    ReplyDelete
  2. "ശ്യാം, നിന്നുള്ളിലെ ആ വിങ്ങലുകളില്‍ നിന്നും അനര്‍ഖ നിര്‍ഗളം ഒരു നീരുറവ പോലെ പൊട്ടിപുറപ്പെട്ട ഈ കവിതയ്ക്ക് ആര് ഉത്തരവാദി ആയാലും ...... ഇങ്ങനെ ഒരു പാപം കൂടി നിന്നെ കൊണ്ട് ചെയ്യിച്ചല്ലോ ......"

    ReplyDelete