Wednesday, July 28, 2010

എനിക്ക് ദാഹിക്കുന്നു

ആത്മാവിന്‍ അഗ്നികോണുകളിലെവിടെയോ
തുടികൊട്ടിയുണരുന്നു മദ്യാസക്തിതന്‍ നാമ്പുകള്‍
പരതുന്നു ചുറ്റിലും കണ്ണിനാല്‍
ആരൊക്കെയുണ്ടണയുവാന്‍
മധുപാനശാലതന്നിരുട്ടില്‍
ചഷകങ്ങളും പിന്നെ ഹൃദയവും പങ്കിടാന്‍
“ആശുപത്രിയിലാണമ്മാവന്‍,
വൈകിട്ടുചെന്നൊരുനോക്കു കാണണ“മൊരുവന്
“ഈ രാവ് തീര്‍ന്നാലും തീരാത്ത ജോലികള്‍
ബാക്കികിടക്കുന്നു” മറ്റൊരുവന്
പലകാരണക്കാറ്റേറ്റ് സ്നേഹിതര്‍
പലവഴികളിലായകന്നുമാറീടവേ
ബാക്കിയായത് അവരിരുപേര്‍
പ്രതീക്ഷകള്‍ തന്‍ നാളം ഇനിയുമണയാത്ത
മിഴികളില്‍ നോക്കിയവനുരചെയ്തു
“അവള്‍ സമ്മതിക്കില്ല!”
“അവള്‍” - കഥകളുടെ കായലോളങ്ങളില്‍
ഇന്നലെ വിരിഞ്ഞ താമരപ്പൂവ്
ഒടുവിലെന്നാത്മാവിന്‍ ദാഹമടക്കവെ
തിരിച്ചറിയുന്നു ഞാന്‍
കൂട്ടായെനിക്കെന്നും
ഞാനാദ്യം പ്രണയിച്ച മഴച്ചാറ്റല്‍ മാത്രം.