Sunday, February 27, 2011

ശേഷം

അറിയാം,
പ്രതീക്ഷതന്‍ ചില്ലുപാത്രം വീണുടഞ്ഞതിനൊച്ച
ചെവിയിറങ്ങിപ്പോയിട്ടില്ലിനിയുമെങ്കിലും
ഇത്രയുമെങ്കിലും വിളിച്ചുപറയണമെനിക്കെന്റെ
മന്‍സ്സിന്റെയാളലണയ്ക്കണം

ലയനസ്വപ്നങ്ങള്‍തന്‍ പൂമരത്തില്‍ നി-
ന്നവസാനയിലയും കൊഴിഞ്ഞുവീണതുപോല്‍
ഇറങ്ങീ, സ്ഥാനനഷ്ടാശങ്കകളുടെ
കല്ലവരുടെ നെഞ്ചില്‍നിന്നും.

നിശ്ശബ്ദതാഴ്വരയിലെ
പ്രാണിസഞ്ജയങ്ങളെയോര്‍ത്ത് നീറിയ മനസ്സില്‍
നമ്മുടെ സ്വപ്നങ്ങള്‍ക്കിടംകിട്ടാതെ പോയതാവാം,
പ്രായാധിക്യം നട്ടെല്ലിനുറപ്പിനെ ബാധിച്ചതുമാവാം.

അതെന്തുമായിക്കോട്ടെ,
ഉടഞ്ഞബിംബങ്ങളെ
നയിക്കാന്‍ മാത്രമറിയുന്ന
നയിക്കപ്പെട്ട് ശീലമില്ലാത്ത
പാഴ്വ്യക്തിത്വങ്ങളെ
പിന്നിലുപേക്ഷിച്ചിറങ്ങാം നമുക്കിനി
പുറത്ത് വലിയൊരു ലോകമുണ്ടതിന്‍ തിരക്കുകളില്‍
വേഗം പോയലിഞ്ഞുചേരാം
ഒരു യാത്രപറച്ചിലിനുപോലും തിരിഞ്ഞ് നില്‍കാതെ.

1 comment:

  1. ഇവിടെ മുഖ്യമന്ത്രിക്ക് പോലും സീറ്റ് ഇല്ല. അപ്പോഴാണ്‌ അങ്ങേരു നിനക്കൊക്കെ ജോലി തരുന്നത്....

    ReplyDelete