Saturday, June 4, 2011

വിരാമം

അങ്ങനെ 5 വര്‍ഷത്തെ ഐ കെ എം ജീവിതം അവസാനിക്കുന്നു
ഓര്‍മയുടെ പുസ്തകത്തിലെ ഏറ്റവും മനോഹരങ്ങളായ താളുകളില്‍ വടിവൊത്ത അക്ഷരങ്ങളില്‍ കുറിച്ചിട്ട 5 വര്‍ഷങ്ങള്‍
അവസാനത്തെ വരി കോഡും എഴുതി ഇറങ്ങുകയായ്

പണം മാനദണ്ഡങ്ങളാകുന്ന കാര്യങ്ങളിലൊഴികെ ബാക്കി എല്ലാത്തിലും എന്റെ ഓഫീസ് എന്നെ മുന്നില്‍ നില്‍ക്കാന്‍ പഠിപ്പിച്ചു...
തിരുവനന്തപുരത്തിന്റെ ഒരു കോണില്‍ ഒതുങ്ങിപ്പോകുമായിരുന്ന എനിക്ക്, പലപല ജില്ലകളില്‍ പോയ് രസിച്ചുമറിയാന്‍ വേദികളൊരുക്കിത്തന്നു...
സൌഹൃദങ്ങളുടെ കടലാഴങ്ങള്‍ കാട്ടിത്തന്നു...

എനിക്ക് നന്നായറിയാം, പ്രസാദ് മാഷിന്റെ മുന്നില്‍ നില്‍ക്കാന്‍ പോലും ആളല്ല ഞാന്‍... പ്രായത്തിന്റെ അപക്വതയായ് കണ്ട് പൊറുക്കണം...

"നിനക്കിങ്ങനെയൊരു പ്രശ്നമുണ്ടല്ലെ, ഞാന്‍ ടി കെ എ നായരെ കോണ്ടാക്ട് ചെയ്യാം" എന്ന് പറയാന്‍ മാത്രം അടുപ്പം ഉണ്ണിമാഷുമായ് ഉണ്ടാക്കിത്തന്നത് എന്റെ ഐ കെ എം ആണ്. ടി കെ എ നായര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി...
ആള്‍ക്കൂട്ടങ്ങളില്‍ വച്ച് ഉണ്ണിമാഷ് ശ്യാമേ എന്ന് വിളിച്ച് തോളില്‍ കൈയ്യിടുന്നത് എന്റെ സ്വകാര്യ അഹങ്കാരം...

ജയകുമാര്‍ സാറിന്റെ കളങ്കമില്ലാത്ത വാത്സല്യം...

എന്റെ സാലറിഡേയുമായ് കടന്ന് വന്ന് അടക്കിപ്പിടിച്ച നവപ്രകാശ് സാര്‍... ശബ്ദമുഖരിതമായിരുന്നു ആ കാലം...

ഒന്നര വര്‍ഷത്തെ പിണക്കത്തിനു ശേഷം അല്‍പ്പം മുന്‍പ് ഐ കെ എം ന്റെ മുന്നില്‍ വച്ച് നവീന്‍ ചേട്ടനുമായ് സംസാരിച്ചു... പരിഭവങ്ങളുടെ മൂടിക്കെട്ടിയ ആകാശം പെയ്ത് തീര്‍ന്നു... വല്ലാത്തൊരു മനസ്സമാധാനം...

എന്റെ എല്ലാമെല്ലാമായ അനീഷേട്ടന്റെ ഇടതുഭാഗത്തായുള്ള സീറ്റിന്റെ നഷ്ടപ്പെടല്‍ എന്നിലുണ്ടാക്കുന്ന നൊമ്പരത്തിന്റെ ആഴം എനിക്ക് പോലും അളക്കാനാവതല്ല, അനീഷേട്ടന്‍ ലീവ് എടുക്കുന്ന ദിവസങ്ങളില്‍, എന്തെങ്കിലും കാരണങ്ങള്‍ സാറിനോട് പറഞ്ഞ് ലീവെടുക്കുക എന്നൊരു ശീലമുണ്ടെനിക്ക്... പുള്ളിയില്ലാതെ ഒരു ദിവസം കടന്നു പോവുന്നതിന്റെ കഷ്ടപ്പാടോര്‍ത്ത്... ഇനി അനീഷേട്ടന്‍ എപ്പോഴെങ്കിലുമൊക്കെയുള്ള ഒരു കാഴ്ച മാത്രം... പോകാന്‍ നേരം അനീഷേട്ടന്‍ അടുത്തില്ലാതെ പോയ്...

ഇഷ്ടക്കൂടുതലുള്ള ഒരു പിടി ആള്‍ക്കാരുടെ കൂട്ടത്തില്‍ നിന്നിറങ്ങിപ്പോകുന്നതിന്റെയും, ഇനി സുലേഖയും കോഡും ക്വറിയും മെയിന്‍ റിപ്പോര്‍ട്ടും മള്‍ട്ടി ഇയര്‍ പോര്‍ട്ടിങ്ങും എക്സ്പെന്റിച്ചര്‍ കറക്ഷനും ഒന്നുമില്ലെന്ന തിരിച്ചറിവിന്റെയും സങ്കടം ചെറുതല്ല...

ഒരു മഴ പോലെയായിരുന്നു എന്റെ ഐ കെ എം... പലപ്പോഴും ചാറിയും ഇടയ്ക്കെപ്പൊഴൊക്കെയോ കനത്തും ഒളിപ്പിച്ചു വച്ച ഇടിമിന്നലുകളുടെ പട്ടുടയാടകള്‍ ഇടയ്ക്കിടയ്ക്കെടുത്തണിഞ്ഞും പെയ്തൊരു മധുര മഴ... പെയ്തൊഴിയും നേരത്ത് ആലിപ്പഴം പൊഴിഞ്ഞു...

പകര്‍ന്നു തന്ന സ്നേഹത്തിന്റെ മാറ്റ് നന്ദി വാക്കുകള്‍ കൊണ്ട് കുറയ്ക്കുന്നില്ല ഞാന്‍,
ഒരുപാട് സന്തോഷം

സ്നേഹപൂര്‍വ്വം
ശ്യാം കൃഷ്ണ

Monday, May 23, 2011

വാര്‍ഷികം

ഓര്‍മ്മകളുടെ പൂക്കുന്നിമല കേറിപ്പോയ്
ആരോടും പറയാതൊരുനാള്‍ നീ

അവിടെയായിരം തരം പൂക്കള്‍ക്ക്
നടുവിലായ് നിന്നെപ്പൊഴൊക്കെയോ
മാടിവിളിച്ചു

കയറി വന്നപ്പൊഴൊക്കെയും
ഓരോരോ പൂവുകള്‍ക്കരികിലൂടെ
കൈ പിടിച്ചു നടത്തിച്ചു

കണ്ണുകള്‍ കൂട്ടിമുട്ടുമ്പൊഴൊക്കെയും
തുളുമ്പാതടക്കിയ കണ്ണീരൊളിപ്പിച്ച
മിഴികളിലൂടെ നോക്കി നൊമ്പരപ്പെടുത്തി

നില്‍ക്കേണ്ടയേറെനേരമിവിടെ,
വേഗം പൊയ്ക്കൊള്ളുകെന്ന് ചൊല്ലി
താഴ്വരെയോളം കൊണ്ടാക്കിയെപ്പൊഴും

വലംകൈയിലെ പിടിത്തമയച്ച്
പിരിയും നേരങ്ങളിലൊന്നിലും
നിന്നെ മുഖമുയര്‍ത്തി നോക്കിയിട്ടില്ല

പങ്കുവയ്ക്കലിന്റെ സുഖം
അതിന്നറ്റങ്ങളോളം നടന്നറിഞ്ഞിട്ടും,
വഴിയിലിറങ്ങാന്‍ നീ
വാതില്‍ക്കല്‍ നില്‍പ്പാണെന്നറിഞ്ഞ നേരം
ഓടിയടുത്തുവന്നരുതെന്ന് പറഞ്ഞില്ല,
കൂട്ടിക്കൊണ്ടുവന്നടുത്തിരുത്തി
ജനല്‍ കാഴ്ചകള്‍ കാട്ടിത്തന്ന്
മനസ്സ് മാറ്റിയില്ല,
ഒന്നടക്കിപ്പിടിച്ചൊരുമ്മകൊണ്ട്
ആശ്വസിപ്പിച്ചുകൂടിയില്ല

കുറ്റബോധം കൊണ്ടെന്‍ മനസ്സ് നീറു-
ന്നതിന്‍ പുകച്ചിലെന്‍ കണ്‍കളിലില്‍
നീ കാണാതെപോട്ടെ

തിരിഞ്ഞു നടക്കട്ടെ,
നീ തനിച്ചാക്കിയവരുടെ
നെടുവീര്‍പ്പുകളേറ്റ് പഴുത്ത വഴികളിലൂടെ
നടന്നു തീര്‍ക്കട്ടെ,
ബാക്കി ദൂരങ്ങളത്രയും.

--23.05.2011
--ഐ.കെ.എം

Monday, April 4, 2011

എന്റെ കാലൊച്ചകളുടെ പതിഞ്ഞതാളം
ഞാനൊരു ജാരനെന്ന ചിന്തയുണര്‍ത്തിയോ
എന്റെ കണ്ണിലെ തിളക്കങ്ങള്‍
സ്വാര്‍ത്ഥമേതോ മോഹത്തിന്‍
മിന്നലാട്ടങ്ങളെന്നും നിനച്ചുവോ
കരുതിയോയെന്‍
പ്രാണനില്‍ പൂത്തതൊക്കെയും
കപടാക്ഷരങ്ങളായിരുന്നെന്നും,
വഴിയിലുപേക്ഷിച്ച് നടന്നുപോകുമൊരു
കാഴ്ചമാത്രമാണെനിക്കു നീയെന്നും

Friday, March 18, 2011

പ്രണയദിനസമ്മാനം


ഒരുവളും തന്നില്ലൊരു റോസാപ്പൂ
അതിലൊട്ടുസങ്കടവുമില്ലെനിക്കെങ്കിലും
എന്റെയീ പ്രണയദിനത്തിന് തിരശ്ശീലവീണതൊരു
ബാറിലെ ശീതളിമയിലായിരുന്നു

അരണ്ടവെട്ടത്തില്‍
മദ്യഗന്ധമാര്‍ന്ന വഴികളിലൂടെ
കഥകളുടെ കാടുകയറിപ്പോകവേ
എം.എസ്, നീ കൊടുത്തയച്ച മാല്‍ബോറോ കിട്ടി

ഈ മാല്‍ബോറോയിലൂടൊഴുകിടും
ഓരോ പുകച്ചുരുളിലുമോര്‍ക്കും ഞാന്‍
ഇതിനായ് നീയെണ്ണിക്കോടുത്ത യെന്നുകളെയല്ല
എന്നോ ഞാന്‍ പറഞ്ഞൊരു പാഴ്വാക്ക്
തിരക്കാര്‍ന്ന യാത്രയില്‍ മറന്ന്കളയാത്ത നിന്‍
മനസ്സിന്റെ ആര്‍ദ്രമാം നന്മയെ

Tuesday, March 15, 2011

മിച്ചം...

സങ്കടം...
ആ വികാരമെന്റെ
പ്രാണന്റെ പൂവാടിയില്‍ നിന്ന്
വേരറ്റ കാലംതന്നെ
മറന്നിരിക്കുന്നു ഞാന്‍

എങ്കിലും,
ആ ബാറിന്റെ മേശപ്പുറത്തെന്റെ
ഹൃദയം ചര്‍ച്ചയ്ക്ക് വച്ച്
നീയൊരു വിത്തിട്ടതും,
അവര്‍ അവരുടെ
പരിഹാസവാക്കുകളുടെ തീന്മുള്ളു
കൊണ്ടത് കീറിമുറിച്ചവിടെ പടര്‍ന്ന
ചോരനീ കൈക്കുമ്പിളിലേറ്റിയതിന്
നനവ് പകര്‍ന്നതും,
നിന്‍ കണ്ണുകളില്‍ അഭൂതപൂര്‍വ്വമൊരു
തിളക്കം വിടര്‍ന്നതും,
ഓര്‍ക്കുന്നു ഞാന്‍
ലഹരി തുളുമ്പുമവസ്ഥയില്‍ പോലും
ആ ഓര്‍മ്മകളീ
പാതിരാവിന് കൂട്ടിരുത്തുന്നെന്നെ

പരിഭവത്തിന്റെയൊരു കണികപോലുമില്ലയെന്നില്‍,
എന്റെ സങ്കടക്കടമ്പിന്റെ ചോട്ടില്‍
നീ നുകര്‍ന്ന സന്തോഷാമൃതിന്
ഒരു നാഴികയിലേറെ ആയുസ്സുണ്ടായിരുന്നെങ്കില്‍

ഏറ്റവും പ്രിയപ്പെട്ട സ്നേഹിതാ,
നൈമിഷികമിത്തിരി സന്തോഷത്തിനായ്
മദ്യത്തിനൊപ്പം വിളമ്പരുതായിരുന്നു
നീയെന്റെ ഹൃദയം
കുഴഞ്ഞ നാവുകള്‍ക്ക് ചര്‍ച്ചചെയ്യാ‍ന്‍
വിട്ടുകൊടുക്കാനും പാടില്ലായിരുന്നത്.

നിനക്കറിയാന്‍ പാടില്ലാത്തതല്ലല്ലോ,
അതിനുള്ളില്‍
ഞാന്‍ കൊരുത്തുവച്ചതെന്റെ
സ്വപ്നങ്ങളാണെന്നും,
ഞാന്‍ കുറിച്ചിട്ടതെന്റെ-
യേറ്റവും നല്ലവരികളാണെന്നും.

Sunday, February 27, 2011

ശേഷം

അറിയാം,
പ്രതീക്ഷതന്‍ ചില്ലുപാത്രം വീണുടഞ്ഞതിനൊച്ച
ചെവിയിറങ്ങിപ്പോയിട്ടില്ലിനിയുമെങ്കിലും
ഇത്രയുമെങ്കിലും വിളിച്ചുപറയണമെനിക്കെന്റെ
മന്‍സ്സിന്റെയാളലണയ്ക്കണം

ലയനസ്വപ്നങ്ങള്‍തന്‍ പൂമരത്തില്‍ നി-
ന്നവസാനയിലയും കൊഴിഞ്ഞുവീണതുപോല്‍
ഇറങ്ങീ, സ്ഥാനനഷ്ടാശങ്കകളുടെ
കല്ലവരുടെ നെഞ്ചില്‍നിന്നും.

നിശ്ശബ്ദതാഴ്വരയിലെ
പ്രാണിസഞ്ജയങ്ങളെയോര്‍ത്ത് നീറിയ മനസ്സില്‍
നമ്മുടെ സ്വപ്നങ്ങള്‍ക്കിടംകിട്ടാതെ പോയതാവാം,
പ്രായാധിക്യം നട്ടെല്ലിനുറപ്പിനെ ബാധിച്ചതുമാവാം.

അതെന്തുമായിക്കോട്ടെ,
ഉടഞ്ഞബിംബങ്ങളെ
നയിക്കാന്‍ മാത്രമറിയുന്ന
നയിക്കപ്പെട്ട് ശീലമില്ലാത്ത
പാഴ്വ്യക്തിത്വങ്ങളെ
പിന്നിലുപേക്ഷിച്ചിറങ്ങാം നമുക്കിനി
പുറത്ത് വലിയൊരു ലോകമുണ്ടതിന്‍ തിരക്കുകളില്‍
വേഗം പോയലിഞ്ഞുചേരാം
ഒരു യാത്രപറച്ചിലിനുപോലും തിരിഞ്ഞ് നില്‍കാതെ.

Friday, February 25, 2011

നാളേയ്ക്കപ്പുറം...

ഉണ്ടാകുമോ ലയനമെന്ന ചോദ്യവു-
മതിന്‍ പിന്‍പറ്റി വീഴുന്ന
നെടുവീര്‍പ്പുകളുമായിരുന്നെന്റെ ജീവിതം
കുറച്ചേറെ നാളുകളായ്

അറിയാമെനിക്കിന്നീ പകലിലേ-
ക്കൊരു ദു:സ്വപ്നത്തിന്റെ കൈപിടിച്ചുണരവേ
നാളെയാണ് വി എസ് സര്‍ക്കാരിന്റെ
അവസാന കാബിനറ്റ്
നാളേയ്ക്കപ്പുറം വേദികളില്ലിനി-
യൊരു തീരുമാനമെടുക്കാന്‍

നാളേയ്ക്കപ്പുറം...
മിഴികളില്‍ തെളിയുന്ന
പ്രതീക്ഷയുടെ നാളങ്ങള്‍തന്നാളല്‍ കാണണ്ട
"അളിയാ നടക്കുമോടാ?"
എന്ന ചോദ്യത്തിലൊളിപ്പിച്ച വിങ്ങലറിയണ്ട

പ്രണയിച്ച് മതിയാവാത്തവളുടെ
മൂര്‍ദ്ധാവിലുമ്മ നല്‍കി,
നാലഞ്ച് കൊല്ലങ്ങളിലെ
ഉത്സവഛവികലര്‍ന്ന രാപ്പകലുകള്‍ക്ക് നന്ദി ചൊല്ലി,
ഒരു പായില്‍
പലവരി കോഡുകളില്‍ ക്വറികളില്‍
ലൌസിപ്പിന്റെ മാദക രുചികളില്‍
മഞ്ഞുപോലാര്‍ദ്രമാം പുകച്ചുരുളുകളില്‍
നാം പങ്കിട്ട
ഒരു ജന്മത്തിന്റെ സുകൃതമാം സ്മരണകള്‍ പേറി
പിരിയാം നമുക്കിനി

Tuesday, January 25, 2011

കടലാസുപൂക്കള്‍

കരുതാതിരിക്കുക,
നീയെന്നെ സങ്കടപ്പെടുത്തിയെന്ന്
ഇന്നീ പകലണയുവോളവും
സൂര്യനെ തീക്കൊള്ളികുത്തി
പൊള്ളിച്ചിട്ടില്ലാരും

വ്യാഖ്യാനിക്കരുതെന്‍
മിഴികളിലെ നനവിനെ കണ്ണീരായി
മകരരാവിലെ മഞ്ഞുതുള്ളികള്‍
കണ്ണിലേക്കേറ്റുവാങ്ങിയതാണു ഞാന്‍

ശുഭയാത്രചൊല്ലി തിരികെനടക്കവേ
തീവണ്ടിതന്‍ ഹൃദയതാളങ്ങള്‍
പടിയിറങ്ങിപ്പോയൊരൊന്‍ ചെവികളില്‍
അവരിരുവരുടെ പരിദേവനങ്ങള്‍ കൂടുകെട്ടി
"വിളിച്ചിറക്കി അപമാനിച്ചു നീ ഞങ്ങളെ"-
യെന്നുപറഞ്ഞൊട്ടേറെനേരം
പരിഭവിച്ചവര്‍ പാവങ്ങള്‍,
അവള്‍ക്കായ് ചെലവാക്കാന്‍
ഞാനമ്മയോട് കാരണം പറയാതെ വാങ്ങിയ
രണ്ട് നൂറ് രൂപ നോട്ടുകള്‍

Wednesday, December 22, 2010

കരുണാകരന്‍ അന്തരിച്ചു - മംഗളത്തിന്റെ വാര്‍ത്താവ്യഗ്രത


ഇനിയും മരിച്ചിട്ടില്ലാത്ത കരുണാകരന്‍, ഉടന്‍ മരിച്ചേക്കുമെന്നു കരുതി, മരിച്ചയുടെന്‍ പബ്ലിഷ് ചെയ്യാനായ് മംഗളം കരുതിവച്ച വാര്‍ത്ത... ഗൂഗിള്‍ സെര്‍ച്ചിലൂടെ വെളിപ്പെട്ടത്...

Friday, December 10, 2010

അറിയാത്ത സ്നേഹിതയ്ക്ക്

പരസ്പരമെത്രയോവട്ടം
കടന്നുപോയിരിക്കുന്നു നാമെങ്കിലും
മിഴികള്‍ക്കപ്പുറമൊരു പുഞ്ചിരിപോലും
കൈമാറിയിട്ടില്ലിതുവരെ
കാടുകയറിപ്പോയൊരായിരം
ചിന്തകളിലൊന്നിന്റെയും
വാതില്‍തുറന്നുള്ളിലേ-
ക്കെത്തിയിട്ടുമില്ല നീ
നിഴല്‍ വീണൊരീയിടനാഴിയിലിതുവരേക്കും
നിന്നെയും കാത്ത് ഞാന്‍ നിന്നിട്ടുമില്ല

എങ്കിലുമിന്ന് പെണ്‍കൊടീ
നിന്റെ വരികളുമവയില്‍
തുളുമ്പുന്ന വിങ്ങലുമേറ്റവും
ശാന്തമായൊഴുകുമെന്‍ നാള്‍കളി-
ലൊരു നൊമ്പരത്തെന്നലായ്
വീണോളങ്ങള്‍ തീര്‍ക്കുന്നനുസ്യൂതം

പറയാതെപോകവയ്യയിത്രയും,
ആരുഞാന്‍ പറയുവാനെന്ന ചോദ്യം
കേള്‍ക്കുന്നു പലദിക്കില്‍ നിന്നെങ്കിലും
അവയ്ക്കു മറുപടിയിതേയുള്ളു
അറിയുക, ചിതറുന്നയീ വാക്കുകളത്രയു-
മെന്‍ ഹൃദയത്തില്‍ നിന്നാണു സത്യം

“സ്മരണകള്‍ പലതരം തോഴീ,
അവയില്‍ ചിലതു മാത്രമോര്‍ക്കുക
വേറെ ചിലതു മറന്നുകളയുക
പിന്നെയും ചിലത്
മറക്കാനായ് പോലുമോര്‍ക്കാതിരിക്കുക

ഒരുമഴയിലൊരു മഴക്കാലവു-
മൊലിച്ചുപോയിട്ടില്ലിവിടതുപോല്‍
എത്രയൊ രാപ്പകലുകള്‍ ബാക്കികിടപ്പൂ
നിനക്കേറ്റവുമാര്‍ദ്രമാം സ്വപ്നം കണ്ടുറങ്ങുവാന്‍
പിന്നെയേറ്റവും ഹൃദ്യമാം പുഞ്ചിരിയുമായുണരുവാന്‍

എഴുതുകയിനിയും,
വാക്കിന്റെയിന്ദ്രജാലങ്ങള്‍ കൊണ്ടായിരം
പൌര്‍ണ്ണമികള്‍ തീര്‍ത്തങ്ങനെ തിരുത്തുക
കവിത തെളിവാര്‍ന്ന മനസ്സിന്റെ ഭാഷയെന്ന്

അവസാനിക്കാത്ത വഴികളാണവയിലൂ-
ടൊട്ടും തളരാതെ തുടരുക യാത്രകള്‍
ൠതുക്കളെന്നും നിനക്കു കൂട്ടായ് വരട്ടെ
സൂര്യചന്ദ്രന്മാര്‍ വഴികാട്ടട്ടെ
എന്റെ ആശംസകള്‍”